NEWSROOM

വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്രം ഒറ്റ അരി മണി പോലും അനുവദിച്ചില്ല: ജി.ആര്‍. അനില്‍

ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലയിലെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കേരളം സൗജന്യമായി അരി വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്രം ഒരു മണി അരി പോലും നല്‍കിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍. സൗജന്യമായിട്ട് വേണ്ട എന്നു പറഞ്ഞിട്ട് പോലും അരി തന്നില്ലെന്നും എഫ്‍സിഐയില്‍ നിന്ന് ഓപ്പണ്‍ ക്വാട്ട സ്‌കീമില്‍ അനുവദിച്ചത് ഒന്നര വര്‍ഷം പഴക്കമുള്ള അരിയാണെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലയിലെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കേരളം സൗജന്യമായി അരി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിംഗ് കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു മന്ത്രി.

കേന്ദ്രം അനുവദിച്ച അരി വിതരണ യോഗ്യമല്ലെന്ന് ജി.ആര്‍. അനില്‍ നേരത്തെയും പറഞ്ഞിരുന്നു. എഫ്‌സിഐ ഗോഡൗണുകളില്‍ സപ്ലൈക്കോ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഇവ വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തിയതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്ര ധനസഹായവും വൈകുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരുന്നു. കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് കേന്ദ്ര മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വേണമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ മന്ത്രി അറിയിച്ചിരുന്നു.

നിര്‍മല സീതാരാമന്‍ ഒക്ടോബര്‍ 15 മുതല്‍ യു.എസ് സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനം മാത്രമേ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടക്കുകയുള്ളൂ. അതിനാല്‍ കേന്ദ്ര സഹായം നീണ്ടുപോകാനാണ് സാധ്യത.

SCROLL FOR NEXT