NEWSROOM

പനയമ്പാടം അപകടസ്ഥലത്ത് നേരിട്ടെത്തി കാറോടിച്ച് ഗതാഗതമന്ത്രിയുടെ പരിശോധന;അപകടവളവ് നവീകരിക്കുമെന്ന് ഉറപ്പ്

അപകട സ്ഥലത്തെ റോഡിൻ്റെ ഇരു ഭാഗത്തേക്കുമായി ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ചു. റോഡിന്റെ അശാസ്ത്രീയതയും, പാർക്കിംഗിലെ പ്രശ്നങ്ങളുമെല്ലാം മന്ത്രിക്ക് ബോധ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച പനയമ്പാടത്ത് ഔദ്യോഗിക വാഹനം ഓടിച്ച് മന്ത്രി KB ഗണേഷ് കുമാറിന്റെ പരിശോധന.പ്രദേശത്തെ അപകടവളവ് നവീകരിക്കുമെന്ന് ഗണേഷ് കുമാർ. നവീകരണത്തിന് NHAI യിൽ നിന്ന് പണം ആവശ്യപ്പെടുമെന്നും അനുവദിച്ചില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റി പണം ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി കോൺഗ്രസിന്റെ സമര പന്തലിലും സന്ദർശനം നടത്തി. ഈ മേഖലയിലെ റോഡിന്റെ അപാകത പരിഹരിക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥസംഘവും സ്ഥലത്ത് പരിശോധന നടത്തി.


പനയമ്പാടം അപകട സ്ഥലത്തെത്തിയ മന്ത്രി KB ഗണേഷ്കുമാർ, പരാതികൾ കേട്ടതിനൊപ്പം തന്റെ ഔദ്യോഗിക വാഹനം സ്വയം ഡ്രൈവ് ചെയ്ത് നടത്തിയ പരിശോധന വേറിട്ടതായി. ഇരു ഭാഗത്തേക്കുമായി ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ചു. റോഡിന്റെ അശാസ്ത്രീയതയും, പാർക്കിംഗിലെ പ്രശ്നങ്ങളുമെല്ലാം മന്ത്രിക്ക് ബോധ്യപ്പെട്ടു.

നിരാഹാര സമരം നടത്തുന്ന കോൺഗ്രസിന്റെ സമര പന്തലിലും മന്ത്രി സന്ദർശനം നടത്തി. പ്രശ്നപരിഹാരം ഉറപ്പ് നൽകിയതോടെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. നാഷണൽ ഹൈവേ അതോറിറ്റി പരിഹാരം കണ്ടില്ലെങ്കിൽ, റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച പെൺക്കുട്ടികളുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി.



മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ റോഡിന്റെ അപാകതകൾ പരിഹരിക്കാനുളള ആക്ഷൻപ്ലാൻ തയ്യാറാക്കാൻ സംയുക്ത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത് പരിശോധന നടത്തി. പാലക്കാടിന്റെ ചുമതലയുള്ള മലപ്പുറം SP ആർ വിശ്വനാഥ്, RTO മുജീബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

SCROLL FOR NEXT