NEWSROOM

പൂരം കലക്കല്‍: സ്ഥലത്തുണ്ടായിട്ടും എഡിജിപി ഫോണ്‍ എടുത്തില്ലെന്ന് കെ. രാജന്റെ മൊഴി; മുമ്പ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി

എന്നാല്‍ പുതുതായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മൊഴി നല്‍കിയതെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍പൂരം കലങ്ങിയതില്‍ എംആര്‍ അജിത് കുമാറിനെതിരെ മൊഴി നല്‍കി മന്ത്രി കെ. രാജന്‍. സംഭവ സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. എഡിജിപി സ്ഥലത്തുണ്ടെന്ന് അറിഞ്ഞിട്ടാണ് വിളിച്ചത്. പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നും ത്രിതല അന്വേഷണ കമ്മീഷന് മുന്നില്‍ മന്ത്രി മൊഴി നല്‍കി.

എന്നാല്‍ പുതുതായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. വളരെ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മൊഴി നല്‍കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട ത്രിതല അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷിക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി സ്വാഭാവികമായും മൊഴിയെടുക്കും. അത് നല്‍കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

തന്റെ മൊഴി പൂരം നടക്കുന്ന സമയത്ത് തന്നെ എങ്ങനെ പുറത്തുവന്നു എന്നും മന്ത്രി ചോദിച്ചു. അന്വേഷണത്തില്‍ പുതുതായി ഒരു കാര്യവും ഉണ്ടായിട്ടില്ല. അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്ന് നേരത്തേ പറഞ്ഞതാണ്. അതിലൊരു മാറ്റവുമില്ല. ഒരു വിവാദത്തിനും ഇപ്പോള്‍ ഇടയില്ല. അന്വേഷണത്തില്‍ യാതൊരു അപാകതയും ഉള്ളതായി തോന്നുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

പൂരം കലക്കലില്‍ ത്രിതല അന്വേഷണ കമ്മീഷന്‍ ഈ മാസം റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ്. വിഷയത്തില്‍ എഡിജിപിയുടെ വിശദീകരണവും അന്വേഷണസംഘം രേഖപ്പെടുത്തും. അതേസമയം, അജിത് കുമാറിനെതിരായ മന്ത്രി കെ. രാജന്റെ മൊഴി പ്രധാനപ്പെട്ടതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. ത്രിതല കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി ഉണ്ടാകുക. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പ്രതകിരിച്ചു.

SCROLL FOR NEXT