കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിനാല് മലയാളികളുൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്. വിങ്ങുന്ന മനസ്സോടെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത്. ഉറ്റവരുടെ മരണത്തിൻ്റെ നടുക്കത്തിലാണ് അപകടത്തിനിരയായവരുടെ കുടുംബവും നാട്ടുകാരും. ഇതിനിടെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവും മറ്റ് സഹായങ്ങളുമായി സർക്കാരും യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനേയ് തോമസിന് ലൈഫ് മിഷൻ വഴി വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി കെ രാജൻ. ഈ മാസം 20ന് ചേരുന്ന യോഗത്തിൽ ചാവക്കാട് നഗരസഭ ഇതുമായി ബന്ധപ്പെട്ട അജണ്ട അംഗീകരിക്കും. പിന്നാലെ തന്നെ സംസ്ഥാന സർക്കാർ ഇതിന് അംഗീകാരം നൽകുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. മരണപ്പെട്ട ബിനോയ് തോമസിൻ്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.ബിനോയ് തോമസിന് വീട് വെച്ച് നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ലൈഫിൽ വീട് വെച്ചുനൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം ബിനോയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
ഏറെ സ്വപ്നങ്ങളുമായി പ്രവാസജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ബിനോയ് ഇത്ര പെട്ടന്ന് മരണത്തിന് കീഴടങ്ങിയെന്ന സത്യം ഉൾക്കൊള്ളാൻ നാട്ടുകാർക്കും വീട്ടുകാർക്കും കഴിഞ്ഞിട്ടില്ല. വെറും അഞ്ച് ദിവസം മുൻപാണ് ബിനോയ് കുവൈത്തിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ബിനോയ് ഓൺവൈനിലുണ്ടായിരുന്നതായാണ് വീട്ടുകാർ അറിയിച്ചത്. കുവൈത്തിലെത്തിയ ശേഷം വീട്ടുകാരുമായി ദിവസവും ബന്ധപ്പെട്ടിരുന്ന ബിനോയ് പക്ഷേ അപകടത്തിന് ശേഷം വിവരങ്ങളും ലഭിച്ചിരുന്നില്ല. കുവൈത്ത് ദുരന്തത്തിന് ശേഷം ബിനോയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദു റഹ്മാൻ അറിയിക്കുകയായിരുന്നു. ബിനോയ് തീപിടിത്തം നടന്ന് ഫ്ലാറ്റിലുണ്ടായിരുന്നു എന്ന സംശയത്തിന് പിന്നാലെ നോർക്ക നടത്തിയ അന്വേഷണത്തിലാണ് ബിനോയുടെ മരണം സർക്കാർ സ്ഥിരീകരിച്ചത്.