NEWSROOM

കേരളത്തില്‍ കാലവര്‍ഷമെത്തി, നേരത്തെയെത്തുന്നത് 15 വര്‍ഷങ്ങൾക്ക് ശേഷം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് ഇന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. അലേര്‍ട്ടിനപ്പുറം പൊതുവായ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കേരളത്തില്‍ കാലവര്‍ഷമെത്തി. സാധാരണ കാലവര്‍ഷമെത്തുന്നതായി കണക്കാക്കുന്നത് ജൂണ്‍ ഒന്ന് മുതലാണ്. ആ കണക്കനുസരിച്ച് ഇത്തവണ എട്ട് ദിവസം നേരത്തെയാണ് മണ്‍സൂണ്‍ ആരംഭിച്ചിരിക്കുന്നത്.

2009ന് ശേഷം ആദ്യമായാണ് ഇത്ര നേരത്തെ കാലവര്‍ഷമെത്തുന്നത്. 2009ല്‍ മെയ് 23നായിരുന്നു കേരളത്തില്‍ കാലവര്‍ഷമെത്തിയത്. 1975ന് ശേഷം നേരത്തെ മഴയെത്തിയത് 1990ല്‍ മെയ് 19നായിരുന്നു. അത് സാധാരണ കാലവര്‍ഷമെത്തുന്ന ജൂണ്‍ ഒന്നിനും 13 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.

കേരളത്തില്‍ അതിശക്തമായ മഴയാണെന്നും ഒരു ന്യൂനമര്‍ദ്ദ സാധ്യത കൂടിയുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. എല്ലാ ജില്ലകളിലും ഇന്നലെയും ഇന്നുമായി മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പിണറായിയില്‍ ആണ്.

സംസ്ഥാനത്ത് ഇന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലേര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. അലേര്‍ട്ടിനപ്പുറം പൊതുവായ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.


ഓരോ ജില്ലകളിലെയും സെന്‍സിറ്റീവ് ആയ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മഴയോടൊപ്പം എത്തിയിട്ടുള്ള കാറ്റ് ഇന്നലെ മുതല്‍ നാശങ്ങള്‍ വിതയ്ക്കുന്നുണ്ട്. മരത്തിന്റെ ചില്ലകള്‍, ശക്തി കുറഞ്ഞ ഹോഡിങ്ങുകള്‍, മേല്‍ക്കൂരകള്‍ അങ്ങനെ പലതും കാറ്റില്‍ നിലംപതിക്കുന്നുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ ക്യാംപുകളിലേക്കോ അടുത്ത ബന്ധുവീടുകളിലേക്കോ മാറി താമസിക്കണം. സര്‍ക്കാരിന്റേയോ തദ്ദേശവകുപ്പിന്റെയോ നിര്‍ദേശം ലഭിച്ചാല്‍ ആ ഘട്ടത്തില്‍ തന്നെ മാറി താമസിക്കണം.

മുന്നറിയിപ്പുകളുടെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും ശ്രദ്ധിക്കണം. കേരളത്തില്‍ ഇന്ന് നടന്ന യോഗത്തില്‍ ആവശ്യമായി വന്നാല്‍ 3950 ക്യാംപുകള്‍ തുറക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. നിലവില്‍ രണ്ട് ക്യാംപുകള്‍ മാത്രമാണ് ആരംഭിച്ചത്.

SCROLL FOR NEXT