NEWSROOM

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി മുതൽ ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തും: മന്ത്രി കെ.ബി. ഗണേഷ് കുമാർ

സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. ഒന്നാം തിയതി ശമ്പളം നൽകുമെന്നത് സർക്കാരിൻ്റെ പ്രഖ്യാപനമായിരുന്നെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. ജീവനക്കാർക്ക് ഇനി കൃത്യമായി ശമ്പളം ലഭിക്കും. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. ഇന്നു മുതൽ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിൽ എത്തും. കെഎസ്ആർടിസിക്കുള്ള 50 കോടി സർക്കാർ സഹായം നിലനിർത്തുമെന്നും മന്ത്രി അറിയിച്ചു.



ഒന്നാം തിയതി ശമ്പളം നൽകുമെന്നത് സർക്കാരിൻ്റെ പ്രഖ്യാപനമായിരുന്നെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. കെഎസ്ആർടിസി അക്കൗണ്ടുകൾ എസ്ബിഐ യിലേക്ക് മാറ്റും. കേരള ബാങ്കിൻ്റെ നടപടികൾ വൈകിയ സാഹചര്യത്തിലാണ് എസ്ബിഐയിലേക്ക് മാറിയത്. പലിശയിൽ ഇളവ് നൽകണമെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 10.8 ശതമാനമാണ് നിലവിലെ പലിശയെന്നും മന്ത്രി വ്യക്തമാക്കി.

അനാവശ്യ ചെലവുകൾ കുറക്കാൻ നിർദേശം നൽകിയതായും ഗണേഷ് കുമാർ പറഞ്ഞു. എവിടെയാണ് ചോർച്ചയുള്ളതെന്ന് കണ്ടെത്തി ചോർച്ചയടയ്ക്കും. ജീവനക്കാരുടെ വിന്യാസം പ്രശ്നമാണ്. മെഡിക്കൽ ബോർഡ് ശുപാർശ അനുസരിച്ചേ വിന്യാസങ്ങൾ ഉണ്ടാകുകയുള്ളെന്നും അദർ ഡ്യൂട്ടി അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  അതേസമയം കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 149 എന്ന ടോൾ ഫ്രീ നമ്പർ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. രണ്ടാഴ്ചക്കുള്ളിൽ നമ്പർ പ്രവർത്തനസജ്ജമാകും. 143 പുതിയ ബസുകൾക്ക് ഓർഡർ നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.



SCROLL FOR NEXT