കേരളത്തിൻ്റെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. തരൂർ പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. വസ്തുതയും, സത്യവുമായ കാര്യമാണ് ശശി തരൂർ പറഞ്ഞത്. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
എല്ലാ വികസനത്തെയും എതിർക്കും എന്നതാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ സമീപനം. കോൺഗ്രസ് സ്വന്തം സംസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്. ശശി തരൂരിൻ്റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പ് എന്നും മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിലും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ആശ വർക്കർമാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായിരിക്കും. അവരുടെ കാര്യത്തിൽ സർക്കാരിനും എൽഡിഎഫിനും ഉള്ള താൽപര്യമൊന്നും അവരെ കുത്തിയിളക്കി വിടുന്നവർക്കില്ലെന്ന് ബാലഗോപാൽ പറഞ്ഞു.
ആശ വർക്കർമാർ സ്കീം വർക്കർമാരാണ്. അവർക്ക് ഏറ്റവും നല്ല സംവിധാനങ്ങളാണ് കേരളം കൊടുക്കുന്നത്. പാവപ്പെട്ട തൊഴിലാളികളോട് ന്യായമായ പിന്തുണയാണ് സർക്കാരിനുള്ളത്. ആരോഗ്യ രംഗത്ത് അടക്കം കേന്ദ്രത്തിൽ നിന്ന് പണം കിട്ടുന്നില്ല. പണം കണ്ടെത്തി കൊടുക്കുന്നത് സംസ്ഥാനമാണെന്നും ബാലഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ സമയത്ത് പണം തരുന്നില്ലെന്ന് ആശ വർക്കർമാരെ സംഘടിപ്പിച്ചു കൊണ്ടു വരുന്നവർ പറഞ്ഞു കൊടുക്കണമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.