പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് നിയമസഭയിൽ ചർച്ച നടന്നിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ ആംബുലൻസിൽ കൊണ്ടുപോകേണ്ടിവരുമായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. പ്രതിപക്ഷ നേതാവ് ഓടിയ സ്ഥലത്ത് പുല്ല് മുളച്ചിട്ടല്ല. കേരളം കണ്ട ഏറ്റവും വലിയ ഭീരുവാണ് പ്രതിപക്ഷ നേതാവെന്നും റിയാസ് പറഞ്ഞു.
സതീശന് വെറും ഡയലോഗ് മാത്രമേ ഉള്ളു. അടിയന്തര പ്രമേയ ചർച്ചകൾക്കൊന്നും അദ്ദേഹത്തിനെ പറ്റില്ല. വേണമെങ്കിൽ വല്ല സെമിനാറിനും വിടാം എന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയെ കുറിച്ച് ചർച്ച വന്നാൽ എൽഡിഎഫിന് പറയാനുണ്ട്. മലപ്പുറം ജില്ല വേണ്ടാ എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിയാണ്. ബിജെപിയുടെ ജനസംഘമായി ചേർന്നാണ് ഇത് നടത്തിയത്. ബാബിരി മസ്ജിദ് വിഷയത്തിനുശേഷം ന്യൂനപക്ഷങ്ങൾ എൽഡിഎഫിനോട് അടുക്കുകയാണ്. ഇതിൽ ചിലർ വിറളി പൂണ്ടു നിൽക്കുകയാണ്. ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ച ഭയന്നാണോ പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്കരിച്ചതെന്നും റിയാസ് ചോദിച്ചു.
പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ പോളിസിയുടെ ഭാഗമായി പാലങ്ങള്‍ ദീപാലംകൃതമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചുവെന്നും മന്ത്രി പറഞ്ഞു. പാലങ്ങള്‍ ദീപാലങ്കരമാക്കുന്ന പദ്ധതി ഇതിനോടകം ആരംഭിച്ചു. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് പുറകിലുള്ള പാലങ്ങളും ദീപാലംകൃതമാക്കും. ബേക്കറി ജംഗ്ഷനിലെ പാലത്തിന്റെ ഇലുമിനേഷനിലൂടെ തുടക്കം കുറിക്കും. വയനാട് പുനരധിവാസം എല്ലാവരെയും യോജിപ്പിച്ച് നടപ്പാക്കുന്നുണ്ട്. ടൂറിസം മേഖല വലിയ തിരിച്ചുവരവിന്റെ പാതയിലാണ്. എന്റെ കേരളം വലിയ വിജയമായി മാറിയെന്നും മന്ത്രി പറഞ്ഞു.