NEWSROOM

പൈപ്പ് പണിക്കും ജലവിതരണത്തിനും പ്രോട്ടോക്കോള്‍ രൂപീകരിക്കും; വീഴ്ച ഉണ്ടായോ എന്നറിയാൻ ഉദ്യോഗസ്ഥ തല യോഗം ചേരും: മന്ത്രി റോഷി അഗസ്റ്റിന്‍

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പൈപ്പ് പണിക്കും ജലവിതരണത്തിനും പുതിയ പ്രോട്ടോക്കോള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജല വിതരണത്തിലും അറ്റകുറ്റപ്പണിയിലും വീഴ്ച ഉണ്ടായോ എന്നറിയാൻ
വ്യാഴാഴ്ച ഉദ്യോഗസ്ഥ തല യോഗം ചേരുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കുടിവെള്ള വിതരണ പ്രശ്നത്തില്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കുടിവെള്ളം ലഭ്യമാകാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്തംഭിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

ജലവിതരണം തടസപ്പെട്ടത് സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ജി.ആർ. അനിലും പ്രതികരിച്ചു. ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടിയെന്നത് യാഥാർഥ്യമാണ്. ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജലവിതരണത്തിലുണ്ടായ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വി.കെ. പ്രശാന്ത് എംഎൽഎയും പറഞ്ഞു. അരുവിക്കര ഷട്ട് ഡൗൺ ചെയ്തത് ഉദ്യോഗസ്ഥ വീഴ്ചയാണ്. ഉയർന്ന മേഖലകളിൽ വെള്ളമെത്താൻ സമയം എടുക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകും. സർക്കാർ അന്വേഷിക്കാൻ തയാറാകണമെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലവിതരണം പുനരാരംഭിച്ചെന്ന് നഗരസഭ ഇന്നലെ രാത്രി അറിയിച്ചിരുന്നു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവടങ്ങളിൽ കുടിവെള്ളമെത്തി. ഇന്ന് ഉച്ചയോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തലസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ട് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

SCROLL FOR NEXT