NEWSROOM

"സിനിമ കലയാണ്, രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല"; എമ്പുരാനെതിരായ വിദ്വേഷ പ്രചാരണത്തിൽ മന്ത്രി സജി ചെറിയാൻ

സിനിമ ഒരു കലയാണ്, അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എമ്പുരാനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതികരിച്ച് സിനിമാ മന്ത്രി സജി ചെറിയാൻ. സിനിമയെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല, സിനിമ ഒരു കലയാണ്, അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

എമ്പുരാനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം കണ്ടു. നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കെതിരായ സിനിമയെ വിമർശിക്കേണ്ടതില്ല. രാഷ്ട്രീയമോ, മതപരമോ ആയ ആയുധമാക്കേണ്ടതില്ല. കലയായി ആസ്വദിക്കുക. എമ്പുരാൻ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

സിനിമ ചോർന്നത് ഇൻഡസ്ട്രിയെ ബാധിക്കുന്ന കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു. നിയമപരമായി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കുന്നു. സിനിമ ചോർത്തി സിനിമയുടെ പ്രാധാന്യം കുറയ്ക്കാനും കാഴ്ചക്കാരെ കുറയ്ക്കാനും ശ്രമിക്കുന്നത് ശരിയല്ല. അത് ഒഴിവാക്കണം, നിയമ സാധ്യതയെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ടെന്നും  സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തിൽ മന്ത്രി പറഞ്ഞു. 

ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിനാണ് എമ്പുരാനെതിരെ ഹിന്ദുത്വവാദികള്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. ചിത്രം റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. നിരവധി സംഘപരിവാര്‍ അനുകൂലികളാണ് താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നത്. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.

SCROLL FOR NEXT