മുകേഷിനും സിദ്ദീഖിനും എതിരായ ലൈംഗിക ആരോപണ കേസിൽ കുറ്റവാളി ആരായാലും നടപടി ഉണ്ടാകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന കേസാണ്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയുന്ന സ്ഥാനത്ത് അല്ല നിലവിൽ മുകേഷ് ഉള്ളത് അതിനാൽ രാജി വെയ്‌ക്കേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു. കേസിൽ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. സിദ്ദീഖിന് വേണ്ടി ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവ സ്വദേശിനിയായ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് മുകേഷിനെതിരെയുള്ള കേസ്. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്.
2016ൽ സിനിമ ചർച്ചയ്ക്കായി വിളിച്ചു നടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് സിദ്ദീഖിനെതിരെയുള്ള കേസ്. അതേസമയം ഒളിവിൽ കഴിയുന്ന സിദ്ദിഖിനായുള്ള അന്വേഷണം പൊലീസ് ഉർജിതമാക്കിയിരിക്കുകയാണ്.