എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വിമർശനത്തിന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വാർത്താകുറിപ്പിലൂടെയായിരുന്നു വി.ശിവൻകുട്ടിയുടെ മറുപടി. എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമർശം വസ്തുതാ വിരുദ്ധമാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്നുണ്ടെന്നും, അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു . കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്നായിരുന്നു സജി ചെറിയാൻ പരിഹസിച്ചത്. പണ്ട് പത്താം ക്ലാസ് ജയിക്കാൻ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാൽ ഓൾ പാസ് എന്നാണെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിലാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം . എസ്.എസ്.എസ്.സിയിൽ 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല, ആരെങ്കിലും തോറ്റു പോയാൽ അത് സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് പാർട്ടികളുടെ പ്രതിഷേധമുയരുമെന്നും സജി ചെറിയാൻ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക് അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ എസ്.എസ്.എൽ.സിക്ക് 210 മാർക്ക് വാങ്ങാൻ ഏറെ പാടായിരുന്നു എന്നാൽ, ഇപ്പോൾ ഓൾ പാസാണ്. ഇത് മൂലം പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.