കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. എൻ. വാസവൻ. മുന്നണി മാറ്റമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നായിരുന്നു വി.എൻ. വാസവൻ്റെ പ്രതികരണം. മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നും വിഷയം ജോസ് കെ. മാണി തന്നെ വിശദീകരിച്ചെന്നും വി.എൻ. വാസവൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നെന്ന തരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ചുമായി ബന്ധപ്പട്ടായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കികൊണ്ട്, ജോസ് കെ. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരള കോൺഗ്രസ് (എം) നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.
അതേസമയം കോട്ടയം ആകാശപാതാ പദ്ധതി സർക്കാരിന്റേതല്ലെന്ന് വി. എൻ. വാസവൻ പറയുന്നു. ആകാശപാത അപ്രായോഗികം എന്നത് സർക്കാർ നിലപാട് അല്ല. വിദഗ്ധ സമിതി ആണ് ബലക്ഷയം കണ്ടെത്തിയത്. റോഡ് സേഫ്റ്റി അതോറിറ്റിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. ശാസ്ത്രീയമായ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള നിർണായക യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ദേവസ്വം ബോർഡ് അധ്യക്ഷന്മാരുമായി യോഗം വിളിച്ച് ചേർക്കും. ഈ മാസം അഞ്ചാം തീയതി തിരുവനന്തപുരത്ത് യോഗം ചേരും. ദേവസ്വങ്ങളുടെ അഭിപ്രായം കേൾക്കുമെന്നും എക്സ്പ്ലോസീവ് നിയമ ഭേദഗതിയിൽ ഉൾപ്പെടെ കേന്ദ്രം മാറ്റം വരുത്തണമെന്നും വി.എൻ. വാസവൻ പറഞ്ഞു.