വി.എൻ. വാസവൻ 
NEWSROOM

പരാതിരഹിത തീർഥാടനകാലം സർക്കാരിൻ്റെ ലക്ഷ്യം: വി.എൻ. വാസവൻ

വകുപ്പിൻ്റെ ചുമതലയേറ്റ ശേഷം ആദ്യമായാണ് മന്ത്രി വി എൻ വാസവൻ ശബരിമലയിൽ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

മണ്ഡലകാലവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ബാക്കിയുള്ള ജോലികൾ സമയബന്ധിതമായി പൂർത്തിയാകുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. തീർത്ഥാടനം കുറ്റമറ്റതാക്കി തീർക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ​ബോർഡിൻ്റെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോ​ഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

വകുപ്പിൻ്റെ ചുമതലയേറ്റ ശേഷം ആദ്യമായാണ് മന്ത്രി വി എൻ വാസവൻ ശബരിമലയിൽ എത്തുന്നത്. പരാതിരഹിതമായ തീർഥാടനകാലമാണ് സർക്കാരും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും ജില്ലാ പൊലീസ് മേധാവിയും തിരുവല്ല സബ് കളക്ടറും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

പൊലീസ്, ആരോ​ഗ്യം, കെഎസ്ആർടിസി, കെഎസ്ഇബി അടക്കം വിവിധ വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് അവലോകന യോ​ഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട സേവനമാണ് ഇത്തവണ നൽകാൻ ശ്രമിക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സ്ട്രെച്ചർ - ആംബുലൻസ് സൗകര്യങ്ങൾ വർധിപ്പിക്കുക, 2016ൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കാലതാമസില്ലാതെ മാറ്റി സ്ഥാപിക്കുക, നിലവിലുള്ള ആശുപത്രി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനോടൊപ്പം അറ്റകുറ്റപണികൾ പൂർത്തിയാക്കുക, കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് നൽകുക, ഫയർ ഫോഴ്സ് വോളന്റിയർമാരുടെ സേവനം വർധിപ്പിക്കുക, ഡ്രൈനേജ് പൈപ്പുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്.

അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും യോ​ഗത്തിൽ ഉയർന്നു വന്നു. ആവശ്യാനുസരണം സർവീസ് വർധിപ്പിക്കാമെന്നായിരുന്നു യോ​ഗത്തിൽ കെഎസ്ആർടിസിയുടെ നിലപാട്. ആമയിഴഞ്ചാനിൽ ജോയിയെ കണ്ടെത്താനായി ശ്രമിച്ച സ്കൂബ ടീമിനെ ശബരിമലയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഫയർ ഫോഴ്സ് സംഘം അറിയിച്ചു. യോ​ഗത്തിൽ പങ്കെടുക്കാതിരുന്ന എംവിഡി, എക്സൈസ്, ശുചിത്വ മിഷൻ എന്നീ വകുപ്പുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കണമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT