NEWSROOM

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരുടെ നിലവിലെ സ്ഥിതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. 18 ഇന്ത്യക്കാർ ഇപ്പോഴും സൈനത്തിൻ്റെ ഭാഗമാണ്. എന്നാൽ ഇവരുടെ നിലവിലെ സ്ഥിതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. "126 ഇന്ത്യക്കാരാണ് റഷ്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്നത്. ഇതിൽ 96 പേർ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യൻ സൈന്യത്തിൽ 18 ഇന്ത്യൻ പൗരന്മാർ അവശേഷിക്കുന്നുണ്ട്, അവരിൽ 16 പേർ എവിടെയാണെന്ന് അറിയില്ല", രൺധീർ ജയ്‌സ്വാൾ പറഞ്ഞു.


ബിനിൽ ബാബുവിൻ്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുടുംബത്തെ അനുശോചനം അറിയിച്ചുവെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ബിനിൽ ബാബുവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആദ്യം തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ എന്ന യുവാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നിരുന്നു. പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. ന്യൂസ് മലയാളമാണ് വാര്‍ത്ത പുറത്തെത്തിച്ചത്.

ഈ മാസം 13ഓടെ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കു പോയ ജെയ്ന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.

ജെയ്ന്‍ കുര്യന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മലയാളി യുവാക്കളെ നാട്ടിലെത്തിക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബംശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു രണ്ടാമത്തെയാളുടെ മരണവും സ്ഥിരീകരിച്ചത്.

SCROLL FOR NEXT