NEWSROOM

വിമാനക്കമ്പനികൾക്ക് നേരെയുള്ള ബോംബ് ഭീഷണി: 17കാരനെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്

Author : ന്യൂസ് ഡെസ്ക്

തിങ്കളാഴ്ച മുതൽ വിവിധ വിമാനക്കമ്പനികൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കി കേസിൽ 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. പ്രതിയും സുഹൃത്തും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇയാളെ കള്ളക്കേസിൽ കുടുക്കാൻ ലക്ഷ്യമിട്ടാണ് കുട്ടി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.


സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചയിൽ, സംഭവത്തിൽ നിർണായകമായ സൂചനകൾ ലഭിച്ചതായി വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ബോംബ് ഭീഷണിയെത്തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം കാനഡയിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയത്. ഒരു എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ ഹാൻഡിലിൽ നിന്ന് അതേ ദിവസം തന്നെ ഏഴു വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും ഭീഷണി ഉയർന്നിരുന്നു. എയർ ഇന്ത്യ വിമാനം മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കും ഇൻഡിഗോ വിമാനങ്ങൾ ഒമാനിലേക്കും സൗദി അറേബ്യയിലേക്കും പോകുകയായിരുന്നു.

ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യു.പി.-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്‌റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു.



SCROLL FOR NEXT