NEWSROOM

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ പഠനയാത്രക്കിടെ വിദ്യാർഥികളോട് മോശമായി പെരുമാറി; രണ്ട് അധ്യാപകർക്ക് സസ്പെന്‍ഷന്‍

വിദ്യാർഥികളോടും അധ്യാപികയോടും മദ്യപിച്ച് അപമര്യാദയായി പെരുമാറിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ പഠനയാത്രക്കിടെ അധ്യാപക‍ർ മോശമായി പെരുമാറിയെന്ന് പരാതി. ടൂറിസം വകുപ്പിലെ അധ്യാപകന്റെ നേതൃത്വത്തിൽ രണ്ടുദിവസം മുമ്പ് നടന്ന പഠന യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ അധ്യാപകർ മദ്യപിച്ച് വിദ്യാർഥികളോടും അധ്യാപികയോടും മോശമായി പെരുമാറി എന്നായിരുന്നു പരാതി. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.

വിദ്യാർഥികളോടും അധ്യാപികയോടും മദ്യപിച്ച് അപമര്യാദയായി പെരുമാറിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. വിദ്യാർഥികൾ വ്യാഴാഴ്ച പരാതി നൽകിയിട്ടും മാനേജ്മെൻ്റ് നടപടികൾ എടുത്തില്ല എന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നത്. പരാതിയിൽ അടിയന്തരമായി നടപടി എടുത്തില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന നിലപാട് വിദ്യാർത്ഥി സംഘടനകള്‍ കടുപ്പിച്ചതോടെയാണ് പിടിഎ അംഗങ്ങളും വിദ്യാർഥികളും സംഘടന പ്രതിനിധികളും അധ്യാപകരും നടത്തിയ ചർച്ചയില്‍ കുറ്റക്കാരെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്.

അധ്യാപകരായ ഷെജിൽ മാത്യു ,സനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥി സമരത്തെ തുടർന്ന് സംഘർഷ സാധ്യത പരിഗണിച്ച് പൊലീസ് കോളേജ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

SCROLL FOR NEXT