NEWSROOM

സ്ത്രീ വിരുദ്ധ പരാമർശം; നടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍ അറസ്റ്റിൽ

Author : ന്യൂസ് ഡെസ്ക്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍. നടിയുടെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തന്നോടും മോശമായി പെരുമാറിയിരുന്നുവെന്ന് നടി സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

ഈ കുറിപ്പിനെതിരെ സൂരജ് പാലാക്കാരന്‍ പ്രതികരിക്കുകയും നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നുമായിരുന്നു പരാതി. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകളെ എന്തും പറയാം എന്ന് കരുതുന്നവര്‍ക്ക് പാഠമാകാനാണ് കേസ് നല്‍കിയതെന്ന് നടി പ്രതികരിച്ചു. താന്‍ പങ്കുവെച്ച കുറിപ്പിനു താഴെ കുടുംബത്തെ അപമാനിച്ചും പല കമന്റുകള്‍ വന്നു. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നടി വ്യക്തമാക്കി.

മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് സഹോദരനോടൊപ്പം യാത്ര ചെയ്യവേ, മേയര്‍ ആര്യ രാജേന്ദ്രനാട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തന്നോടും മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ കുറിപ്പ്. റോഡ് പണി നടന്നു കൊണ്ടിരുന്ന സ്ഥലത്തു കൂടി വാഹനം ഓടിച്ചുക്കൊണ്ടിരുന്നപ്പോള്‍ കെഎസ്ആര്‍ടിസി ബസ് പുറകില്‍ വന്ന നിരന്തരം ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്തു. പിന്നീട് നടി ഹോണ്‍ മുഴക്കിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി വന്ന് അശ്ലീല ചുവയോടെ സംസാരിച്ച് അതിവേഗത്തില്‍ ബസ് ഓടിച്ചു പോയെന്നായിരുന്നു കുറിപ്പില്‍ വിവരിച്ചിരുന്നത്.

ഈ കുറിപ്പിനെതിരെയാണ് സൂരജ് പാലാക്കാരന്‍ മോശം രീതിയില്‍ പ്രതികരിച്ചത്.

SCROLL FOR NEXT