2023ൽ ഇഞ്ചോടിഞ്ചിന് നഷ്ടപ്പെട്ട നെഹ്റു ട്രോഫി സ്വന്തമാക്കാനാണ് ചമ്പക്കുളം ചുണ്ടൻ ഇത്തവണ എത്തുന്നത്. ആറ് മൈക്രോ സെക്കൻ്റിന് നഷ്ടപ്പെട്ട വെള്ളി കപ്പ് ഉയർത്താൻ ഇക്കുറി പുന്നമട ബോട്ട് ക്ലബ്ബ് ആണ് ചമ്പക്കുളത്തിന് വേണ്ടി തുഴയെറിയുന്നത്. കന്നി കീരീടം ചൂടാനാണ് പുന്നമട ബോട്ട് ക്ലബ് എത്തുന്നത്.
ALSO READ : പുന്നമടയിൽ ആവേശത്തുഴയെറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 'നെഹ്റു ട്രോഫി'യിൽ മുത്തമിടാനൊരുങ്ങി ജലരാജാക്കന്മാർ
നെഹ്റു ട്രോഫിയിൽ ഏറ്റവുമധികം തവണ മുത്തമിട്ട രണ്ടാമത്തെ ചുണ്ടൻ വള്ളമാണ് ചമ്പക്കുളം. 2014ന് ശേഷം നാളിതുവരെ വെള്ളിക്കപ്പിൽ മുത്തമിടാൻ ചമ്പക്കുളം ചുണ്ടന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിൽ ആറ് മൈക്രോ സെക്കൻ്റിനാണ് രണ്ടാം സ്ഥാനത്ത് ആയത്. സാമ്പത്തിക പ്രതിസന്ധി അടക്കം നിരവധി പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും പുന്നമടയിൽ തീ പാറിക്കാനുള്ള അവസാന ഘട്ട ഒരുക്കവും ക്ലബുകൾ നടത്തിക്കഴിഞ്ഞു. ചമ്പക്കുളത്തിൻ്റെ ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഇക്കുറി വിരാമം കുറിക്കാനാണ് സന്തോഷ് കുരുവിളയുടെ നേതൃത്വത്തിൽ പുന്നമട ബോട്ട് ക്ലബ് ഇറങ്ങുന്നത്.
ALSO READ : ആവേശം ഓളപ്പരപ്പുകളില് മാത്രം, സാമ്പത്തികമായി നഷ്ടം; വള്ളംകളിയുടെ പിന്നാമ്പുറ കാഴ്ചകളിലൂടെ
ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് നെഹ്‌റു ട്രോഫി നടത്താൻ തീരുമാനം ആയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സി ബി എൽ ഉപേക്ഷിച്ചിട്ടില്ല എന്ന ടൂറിസം മന്ത്രിയുടെ വാക്കിൽ പ്രതീക്ഷ അർപ്പിച്ചാണ് ക്ലബുകൾ പുന്നമടയിൽ പോരിന് ഇറങ്ങുന്നത്. പുന്നമടയിലെ ജലയുദ്ധത്തിന് കാത്തിരിക്കുകയാണ് വള്ളംകളി ആരാധകർ.