assam girl 
NEWSROOM

അസം ബാലികയെ തിരുവനന്തപുരത്ത് എത്തിച്ചു; നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

നാളെ രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഒന്നാകെ മുൾമുനയിൽ നിർത്തി കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ തിരികെ കേരളത്തിലെത്തിച്ചു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച കുട്ടിയെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റും. തിങ്കളാഴ്ച സിഡബ്ല്യുസി പ്രത്യേക സിറ്റിങ് ചേരും. നാളെ രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. ശേഷമാകും മാതാപിതാക്കൾക്ക് കൈമാറുക.

കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരിയെ ഏറ്റെടുക്കാൻ പൊലീസ് സംഘം വിശാഖപട്ടണത്ത് എത്തിയത്. എഫ്ഐആർ അടക്കമുള്ള രേഖകൾ കൈമാറിയാണ് കുട്ടിയെ ഏറ്റെടുത്തത്. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് മലയാളി സമാജം പ്രവർത്തകർ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. വിശാഖപട്ടണത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു കുട്ടി ഇതുവരെ കഴിഞ്ഞത്.

അതിഥി തൊഴിലാളിയായ അൻവർ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. പെൺകുട്ടി കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

SCROLL FOR NEXT