തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി. ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന ആശങ്കയിലായിരുന്നു വന്യജീവി സംരക്ഷകർ. വെറ്റിലപ്പാറ പുഴയുടെ തീരത്ത് നിന്നാണ് കൊമ്പനെ കണ്ടെത്തിയത്. മറ്റ് മൂന്ന് ആനകൾക്കൊപ്പമായിരുന്നു പരിക്കേറ്റ ആന. കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് ദിവസമായി മുറവേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞദിവസമാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. 50 അംഗ ദൗത്യ സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ശക്തമായതോടെയാണ് മയക്ക് വെടി വെച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.
ഡ്രോൺ ഉൾപ്പടെ ഉപയോഗപ്പെടുത്തിയായിരുന്നു ഉൾവനത്തിലും സമീപ മേഖലയിലും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിൻ്റെ തെരച്ചിൽ നടന്നത്. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മയക്ക് വെടി വെക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി പടക്കം പൊട്ടിച്ചതോടെയാണ് ആന ഉൾവനത്തിലേക്ക് വലിഞ്ഞത്.