NEWSROOM

രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ഒരു മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു, മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് കൂട്ടായ്മയാണ് പിണറായിയുടെ നയം: എം.കെ. മുനീര്‍

റിലയന്‍സ് പ്രതിനിധി സുബ്രഹ്‌മണ്യനാണ് മലപ്പുറം ജില്ലയെ സംബന്ധിച്ച വാര്‍ത്ത ഹിന്ദു പത്രത്തിനു നല്‍കിയതെന്നും മുനീർ ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് കൂട്ടായ്മയാണ് പിണറായി തുടരുന്ന നയമെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. ഈ നയത്തിന്റെ അവസാന ഉദാഹരണമാണ് പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇടതു പക്ഷ സഹയാത്രികര്‍ നടത്തുന്ന ഹിന്ദു പത്രത്തില്‍ അഭിമുഖം വരാന്‍ പിആര്‍ ഏജന്‍സി വേണ്ടി വന്നു എന്നും മുനീര്‍ പറഞ്ഞു. 'ആര്‍എസ്എസ്-പിണറായി അവിശുദ്ധ കൂട്ടുകെട്ടി'നതിരെ മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റിലയന്‍സ് പ്രതിനിധി സുബ്രഹ്‌മണ്യനാണ് മലപ്പുറം ജില്ലയെ സംബന്ധിച്ച വാര്‍ത്ത ഹിന്ദു പത്രത്തിനു നല്‍കിയത്. രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ഒരു മുഖ്യമന്ത്രി നേതൃത്വം നല്‍കുകയാണെന്നും മുനീര്‍ വിമര്‍ശിച്ചു.


പൊലീസില്‍ ആര്‍.എസ്.എസ് പ്രധിനിധികള്‍ ഉണ്ട്. അതിന് ഉദാഹരണമാണ് എഡിജിപി അജിത് കുമാര്‍ എന്നും മുനീര്‍ വിമര്‍ശിച്ചു. മുസ്ലിം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിക്കുന്നെന്ന് ആരോപിക്കുന്നു, എന്നാല്‍ ഇവര്‍ എല്ലാം സിപിഎമ്മിന് അമ്പലപ്പുഴ പാല്‍പ്പായസം ആയിരുന്നില്ലേ എന്നും മുനീര്‍ ചോദിച്ചു.

ഈരാറ്റുപേട്ടയില്‍ അടക്കം സഖ്യം ഉണ്ടാക്കി ഇടതുപക്ഷം ഇവരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ലീഗ് ആരുടേയും കൂരയില്‍ കൂര കെട്ടി താമസിക്കുന്നവരല്ല എന്നും മുനീര്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്ത് നിന്നും നിരവധി നേതാക്കള്‍ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.


ദ ഹിന്ദുവില്‍ നല്‍കിയ അഭിമുഖത്തില്‍ വന്ന പരാമര്‍ശങ്ങളില്‍ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തന്നെ നല്‍കിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുന്‍പും പരാമര്‍ശം ഉണ്ടായിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്. വര്‍ഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



SCROLL FOR NEXT