NEWSROOM

പൊതുദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍: ലോറന്‍സിന്റെ മകന്‍

''മൂന്ന് നാല് പേര്‍ അവിടെ വന്ന് സഹോദരി ആശയെ ഹൈക്കോടതിയില്‍ കൊണ്ടു പോയി. ഇതിന് പിന്നില്‍ അഡ്വ. കൃഷ്ണരാജാണ്''

Author : ന്യൂസ് ഡെസ്ക്


അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ വീണ്ടും ആരോപണവുമായി മകന്‍ എം.എല്‍. സജീവ്. പൊതുദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിതിന് പിന്നില്‍ ബി.ജെ.പിയിലേയും ആര്‍.എസ്.എസിലേയും ഏതാനും ചിലരാണെന്ന് സജീവ് ആരോപിച്ചു.

മൂന്ന് നാല് പേര്‍ അവിടെ വന്ന് സഹോദരി ആശയെ ഹൈക്കോടതിയില്‍ കൊണ്ടു പോയി. ഇതിന് പിന്നില്‍ അഡ്വ. കൃഷ്ണരാജാണ്. ആശയുടെ മകനെ മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി ധര്‍ണ്ണയ്ക്ക് എത്തിച്ചത് പോലും എം.എം. ലോറന്‍സിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടെയെന്നും സജീവ് ആരോപിച്ചു.


മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. തടയാനെത്തിയ കൊച്ചുമകനെയും ബന്ധുക്കള്‍ ചേര്‍ന്നു പിടിച്ചുമാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനെതിരെ മകള്‍ ആശ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്‌കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകള്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഇതോടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്ന കാര്യത്തില്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ പിതാവിന്‍റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് ലോറൻസിന്‍സിന്‍റെ മൂത്ത മകൻ  വ്യക്തമാക്കിയിരുന്നു. 

SCROLL FOR NEXT