കെ.ടി. ജലീല്‍ 
NEWSROOM

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ജലീല്‍; ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങും

അവസാനശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍

Author : ന്യൂസ് ഡെസ്ക്



തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി കെ.ടി. ജലീല്‍ എംഎല്‍എ. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ അറിയിച്ചത്. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങും. അവസാനശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ആഭ്യന്തര വകുപ്പിനും സംസ്ഥാന പൊലീസിനും തലവേദന സൃഷ്ടിച്ചുകൊണ്ട് പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെയാണ് ജലീലിന്റെ പ്രഖ്യാപനം. കഴിഞ്ഞദിവസങ്ങളില്‍ അന്‍വര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോഴും പിന്തുണ പ്രഖ്യാപിച്ച് ജലീല്‍ എത്തിയിരുന്നു. അൻവറിനൊപ്പം, ജനങ്ങൾക്കൊപ്പം എന്ന തലക്കെട്ടില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം സഹിതം വലിയ കുറിപ്പും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജലീല്‍ ലീഗ് വിട്ടത്. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചു. 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ തവനൂര്‍ മണ്ഡലത്തില്‍നിന്നും ജയിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നെങ്കിലും ബന്ധുനിയമനം സംബന്ധിച്ച ആരോപണങ്ങളെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ.

SCROLL FOR NEXT