NEWSROOM

അധ്യാപകരും ലാബ് അസിസ്റ്റന്റുമാരുമില്ല; സൂചന സമരം നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ MLT വിദ്യാര്‍ഥികള്‍

സര്‍ക്കാരിനും ഡിഎംഇക്കും പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്


സൂചന സമരം നടത്തി കോഴിക്കോട് മെഡിക്കല്‍ ലബോറട്ടറി വിദ്യാര്‍ഥികള്‍. എംഎല്‍ടി വിദ്യാര്‍ഥികളുടെ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലബോറട്ടറി വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. 229 വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അധ്യാപകരോ ക്ലാസ് മുറികളോ ലാബുകളോ ഇവിടെയില്ലെന്ന് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു.

നിലവില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ലാബാണ് ഇവര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരിനും ഡിഎംഇക്കും പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

'ഇവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. എംഎല്‍ടി ഡിഎംഎല്‍ടി വിഭാഗങ്ങളിലായി ഏകദേശം 200ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്കാകെ മൂന്ന് അധ്യാപകരാണ് പഠിപ്പിക്കാനുള്ളത്,' വിദ്യാര്‍ഥി ആതിര ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഡിഎംഎല്‍ടിക്ക് ആറ് അധ്യാപകരും ബിഎസ്‌സി എംഎല്‍ടിക്ക് 12 അധ്യാപകരും അതിന് പുറമെ ലാബ് അസിസ്റ്റന്റുമാരും വേണം. പക്ഷെ ആ സൗകര്യങ്ങളൊന്നും തന്നെ ഇവിടെ ലഭിക്കുന്നില്ലെന്നും ഈ രണ്ട് ബാച്ചിനും കൂടെ മൂന്ന് അധ്യാപകരാണ് ആകെ പഠിപ്പിക്കാനുള്ളതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.



SCROLL FOR NEXT