NEWSROOM

എം.എം. ലോറൻസിൻ്റെ ഭൗതികശരീരം ഇന്ന് മെഡിക്കൽ കോളേജിന് കൈമാറും

ശനിയാഴ്ച കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹം ഇന്ന് മെഡിക്കൽ കോളേജിന് കൈമാറും. വിദേശത്ത് നിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ ഇന്നാണ് പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8ന് മകൻ അബി​യുടെ കടവന്ത്രയി​ലെ വീട്ടി​ൽ കൊണ്ടുവരും. 9ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെൻ്ററിലും, പത്ത് മുതൽ നാല് വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം നടത്തും. തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും.

'അടിമുടി കമ്മ്യൂണിസ്റ്റ്' എന്ന വിശേഷണം തൊണ്ണൂറ്റിയഞ്ചാം വയസ്സിലും നിലനിർത്തിയായിരുന്നു എം.എം. ലോറൻസിൻ്റെ വിടവാങ്ങൽ. ശനിയാഴ്ച കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. മുന്‍ എംപിയും, സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍എഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

1946ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തോട്ടി തൊഴിലാളികള്‍ക്കായി ആദ്യമായി സംഘടന രൂപീകരിച്ചത് എം.എം. ലോറന്‍സാണ്. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം സായുധ വിപ്ലവമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ഘട്ടത്തില്‍ 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് പൊലീസിന്റെ എല്ലാ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയായി. 1964ല്‍ സിപിഐഎം രൂപീകരിക്കുമ്പോള്‍ മുതല്‍ 34 വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

SCROLL FOR NEXT