കൊല്ലം കുണ്ടറ സൊസൈറ്റി ജംഗ്ഷനിൽ നാട്ടുകാരും ഗുണ്ടാ സംഘങ്ങളും തമ്മിൽ വൻ ഏറ്റുമുട്ടൽ. പ്രദേശവാസിയായ സുരേഷിനെ മർദിക്കാനെത്തിയ സംഘത്തെ നാട്ടുകാർ തല്ലിയോടിക്കുകയായിരുന്നു. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കുണ്ടറ സൊസെറ്റി മുക്ക് സ്വദേശിയായ സുരേഷിനെ വഴിയിൽ തടഞ്ഞ് നിർത്തി ഗുണ്ടാ സംഘം അക്രമിച്ചു. സുരേഷിൻ്റെ ജേഷ്ഠൻ്റെ മകനുമായുള്ള തർക്കത്തിൻ്റെ പേരിലാണ് സുരേഷിന് മർദനമേറ്റത്. ഇതിന് പിന്നാലെ സുരേഷ് പൊലീസ് സഹായം തേടി. ഇതറിഞ്ഞ ഗുണ്ടാ സംഘം സൊസെറ്റി ജംഗ്ഷനിലെത്തി സംഘർഷമുണ്ടാക്കുകയായിരുന്നു.
സുരേഷിന് മർദനമേറ്റതോടെ നാട്ടുകാർ ഗുണ്ടാ സംഘത്തെ തടഞ്ഞ് വച്ചു. പിന്നീട് നാട്ടുകാർക്കെതിരെ തിരിഞ്ഞ ഗുണ്ടാ സംഘം അക്രമത്തിന് മുതിർന്നതോടെ കൂട്ടത്തല്ലായി. സംഘർഷത്തിന് ശേഷവും പ്രദേശത്ത് ചിലരെത്തി നാട്ടുകാരെ ഭയപ്പെടുത്തുന്നത് തുടരുകയാണ്. എന്ത് വന്നാലും നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാരും. സംഘർഷത്തിൽ പങ്കാളികളായ നാട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.