അലൻ വാക്കർ ഷോയ്ക്കിടയിലെ മോഷണത്തിൽ വിവരങ്ങൾ കൈമാറി ബംഗളുരു പൊലീസ്. അസ്ലം ഖാൻ ഗ്യാങ്ങിൻ്റെ വിവരങ്ങൾ കൊച്ചിസിറ്റി പൊലീസിന് കൈമാറി. ബെംഗളൂരുവിൽ 2023ൽ നടന്നത് കൊച്ചിയിലേതിന് സമാനമായ മോഷണമെന്ന് പൊലീസ് കണ്ടെത്തി. അസ്ലം ഖാൻ ഗ്യാങ്ങിൽ ജയിലിൽ കഴിയുന്ന പ്രതികളെ പൊലീസ് ചോദ്യം ചെയ്യും.
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന സംഗീത നിശയ്ക്കിടെയാണ് മൊബൈൽ ഫോണുകൾ മോഷ്ണം പോയത്. വിഐപി ടിക്കറ്റിൽ അകത്ത് കടന്ന എട്ടംഗ സംഘമാണ് മൊബൈൽ മോഷണം നടത്തിയത്. സംഭവത്തിൽ ഇതുവരെ 60ഓളം പരാതികൾ മുളവുകാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ അസ്ലം ഖാൻ്റെ സംഘത്തിലെ അഞ്ച് പേരുടെ ചിത്രങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു സ്റ്റേഷനിൽ നിന്നാണ് ചിത്രങ്ങൾ ശേഖരിച്ചത്. 2023ൽ സമാനമായ മോഷണം നടത്തിയ പ്രതികളുടെ ചിത്രങ്ങളാണ് ശേഖരിച്ചിരുന്നത്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിൽ നടന്നത്. 5000ത്തിലേറെ പേർ പങ്കെടുത്ത സംഗീത നിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ മോഷണം നടത്തിയത്.