NEWSROOM

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാർത്തിക പ്രദീപ് തട്ടിയെടുത്ത പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചെന്ന് കണ്ടെത്തൽ

തട്ടിപ്പിൽ കാർത്തികയുടെ ഭർത്താവിനും പങ്കുണ്ടെന്ന സംശയത്തിൽ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

Author : ന്യൂസ് ഡെസ്ക്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ മോഡലും ഡോക്ടറുമായ കാർത്തിക പ്രദീപ് തട്ടിയെടുത്ത പണം ലഹരി ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തൽ. കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എറണാകുളം സെൻട്രൽ പൊലീസ്. തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നതായും കണ്ടെത്തി. തട്ടിപ്പിൽ കാർത്തികയുടെ ഭർത്താവിനും പങ്കുണ്ടെന്ന സംശയത്തിൽ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കാർത്തിക പ്രദീപിൻ്റെ കൺസൾട്ടൻസി കമ്പനി 'ടേക്ക് ഓഫി'നെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികൾ നിലവിലുണ്ട്. യുക്രെയ്നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ തട്ടിപ്പ് ആരംഭിച്ചെന്ന് കണ്ടെത്തൽ. കേരളത്തിൽ പലയിടങ്ങളിലായി നൂറോളം വിദ്യാർഥികളെ ഇവർ പറ്റിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും ഇവർ വാങ്ങിയിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

യുക്രെയ്നിൽ ഡോക്ടർ എന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. ഇവർ ഡോക്ടറാണോ എന്നതിലും സംശയം നിലനിൽക്കുന്നുണ്ട്. യുക്രെയ്നിലായിരുന്നു ഇവർ പഠനം നടത്തിയിരുന്നത്. എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ടോ എന്നും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. യുകെ, ഓസ്ട്രേലിയ, ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. പല രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ഫ്ലക്‌സ് ബോര്‍ഡുകളിലും നല്‍കിയിരുന്നു.

SCROLL FOR NEXT