NEWSROOM

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു നടക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി: പ്രധാനമന്ത്രി

പാകിസ്ഥാന്റെ ആണവായുധ ഭീഷണി ഇന്ത്യക്കു മുന്നില്‍ വിലപോവില്ല. മൂന്ന് ദിവസം കൊണ്ട് പാകിസ്ഥാനെ മുട്ടുകുത്തിച്ചു

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിര്‍ത്തലിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സൈന്യം പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ ധീര സൈനികരെ സല്യൂട്ട് ചെയ്യുന്നു. സൈന്യത്തിന്റെ വിജയം രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. ഇന്ത്യയുടെ ശക്തിയും ശൗര്യവും ലോകം കണ്ടു.

ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചാലുള്ള ഫലം ഭീകരരും ഭീകര സംഘടനകളും മനസ്സിലാക്കി. ഭീകരരെ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പോയി ആക്രമിച്ചു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സേനകള്‍ക്ക് അനുമതി നല്‍കി.

ആഗോള ഭീകരവാദത്തിന്റെ സര്‍വകലാശാലയായിരുന്ന പാകിസ്ഥാനിലെ ബഹവല്‍പൂരും മുരിദ്‌കെയും ഇന്ത്യ തകര്‍ത്തു. ഇന്ത്യക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഭീകരര്‍ക്ക് ഇപ്പോള്‍ അറിയാം. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ദൗത്യത്തിന് പാകിസ്ഥാന്‍ സൈന്യമാണ് മറുപടി നല്‍കാന്‍ ഇറങ്ങിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സാധാരണ ജനങ്ങളുടെ വീടുകളുമാണ് അവര്‍ ആക്രമിച്ചത്. പക്ഷേ, അവരുടെ മിസൈലുകള്‍ ഇന്ത്യന്‍ സൈനിക കരുത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നു.

ഇന്ത്യയുടെ ആയുധങ്ങളുടെ കൃത്യതയെയും പ്രധാനമന്ത്രി പുകഴ്ത്തി. പാകിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ കൃത്യമായി പതിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാനില്‍ സ്വൈരവിഹാരം നടത്തിയ ഭീകരരെ ഇന്ത്യ ഇല്ലാതാക്കി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കി. ഭീകരവാദത്തോട് ഇന്ത്യ ചെയ്ത നീതിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍.

പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യക്കു മുന്നില്‍ വിലപോവില്ല. മൂന്ന് ദിവസം കൊണ്ട് പാകിസ്ഥാനെ മുട്ടുകുത്തിച്ചു. അടിയേറ്റപ്പോള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചു. ലോകമാകെ സമ്മര്‍ദം ചെലുത്തി പാകിസ്ഥാന്‍ രക്ഷതേടി.

പാകിസ്ഥാന് ഇന്ത്യ നല്‍കിയത് അവര്‍ക്ക് ചിന്തിക്കാനാകാത്ത നാശനഷ്ടങ്ങളാണ്. ഇന്ത്യയുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയാണ് അവർ ലോക രാഷ്ട്രങ്ങളോട് സഹായം തേടിയത്. വേറെ വഴിയില്ലാതെ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക നേതൃത്വത്തെ ഫോണില്‍ വിളിച്ചു. ഇന്ത്യ സൈനിക നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതാണ്. സൈന്യം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പാക് സ്‌പോണ്‍സേര്‍ഡ് ഭീകരതയോട് വിട്ടുവീഴ്ചയില്ല. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച് പോവില്ല. ഭീകരവാദവും വ്യാപാരവും ഒന്നിച്ച് നടക്കില്ല. വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുമായുള്ള ചര്‍ച്ച ഭീകരവാദത്തെ കുറിച്ചും പാക് അധീന കശ്മീരിനെ സംബന്ധിച്ചും മാത്രമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT