NEWSROOM

"ഇതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്"; ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം

30ഓളം പേ‍ർ മരിച്ച മഹാ കുംഭമേളയിലെ അപകടത്തെക്കുറിച്ച് ച‍ർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റവതരണത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം. നി‍ര്ർമല സീതാരാമൻ തുട‍ച്ചയായി എട്ടാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ട് മുൻപായാണ് സമാജ്‌വാദി പാർട്ടി ഉൾപ്പെടെ ചില പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയത്. കുംഭമേളയെ ചൊല്ലി ബഹളമുണ്ടാക്കിയാണ് ബജറ്റവതരണത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത്. 30ഓളം പേ‍ർ മരിച്ച മഹാ കുംഭമേളയിലെ അപകടത്തെക്കുറിച്ച് ച‍ർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. 

ഈ നിമിഷത്തിൽ ബജറ്റിനേക്കാൾ പ്രധാനമായി ച‍ർച്ച ചെയ്യേണ്ട മറ്റൊരു കാര്യമുണ്ടെന്ന് സമാജ്‌വാദി പാ‍ർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. മഹാകുംഭമേളയിൽ ഇപ്പോഴും ആളുകൾ അവരുടെ ഉറ്റവരെ അന്വേഷിക്കുകയാണ്. നിരവധി പേർ മരിച്ചു. എന്നാൽ, മരിച്ചവരുടെയും കാണാതായവരുടെയും കണക്ക് സമ‍ർപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഹിന്ദുക്കൾക്ക് ജീവൻ നഷ്ടമായി. സ‍ർക്കാർ ഉണരണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേ‍ർത്തു.

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലെന്ന് കോൺ​ഗ്രസ് എംപി ജയ്റാം രമേശ് ബജറ്റവതരണം ബഹിഷ്കരിച്ചതിന് പിന്നാലെ പ്രതികരിച്ചു. മധ്യവ‍ർ​ഗത്തിന് എന്തെങ്കിലും നികുതിയിളവ് ഉണ്ടാകുമോ എന്ന് നോക്കാമെന്നും, നിക്ഷേപക‍ർക്ക് നികുതി ഭീകരതയിൽ നിന്ന് ഇളവ് ലഭിക്കുമോ എന്ന് നോക്കിക്കാണാമെന്നും ജയ്റാം രമേശ് കൂട്ടിച്ചേ‍ർത്തു. ജിഎസ്ടിയിലെ അടിസ്ഥാന പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി രണ്ടു മൂന്നു പ്രാവശ്യം ലക്ഷ്മി കടാക്ഷത്തെക്കുറിച്ച് പറഞ്ഞുവെന്നും, ലക്ഷ്മി ദേവീയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റ് അവതരണത്തിന് ശേഷം അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT