മൂന്ന് നാല് വർഷത്തിനിടയിൽ എട്ട് കോടി തൊഴിലവസരങ്ങളുണ്ടാക്കിയെന്ന മോദിയുടെ വാദത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖാർഗെ വിമർശനമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളങ്ങളുടെ വല നെയ്യുകയാണെന്നായിരുന്നു ഖാർഗെയുടെ വിമർശനം.
"തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബെയിൽ നൽകിയ പ്രസ്താവനയിൽ മിസ്റ്റർ മോദി നുണകളുടെ വലകൾ നെയ്യുകയായിരുന്നു. 2020 ഓഗസ്റ്റിൽ നാഷണൽ റിക്രൂട്ട്‌മെൻ്റ് ഏജൻസി (എൻആർഎ) പ്രഖ്യാപിക്കുമ്പോൾ നിങ്ങൾ പറഞ്ഞത് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'എൻ.ആർ.എ. എന്ന ഈ പൊതു യോഗ്യതാ പരീക്ഷ ഒന്നിലധികം പരീക്ഷകളുടെ ആവശ്യകത ഇല്ലാതാക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യും. ”
മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ തന്നെ പ്രധാനമന്ത്രിക്ക് നേരെ മൂന്ന് ചോദ്യങ്ങളും ഖാർഗെ ഉന്നയിച്ചു.
"എന്തുകൊണ്ടാണ് എൻആർഎ നാല് വർഷമായി ഒരു പരീക്ഷ പോലും നടത്താത്തത്? അനുവദിച്ച 1,517 കോടി രൂപയുടെ ഫണ്ടിൽ വെറും 58 കോടി രൂപ മാത്രം ചെലവഴിച്ചത് എന്തുകൊണ്ടാണ് ? സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിനായാണ് എൻആർഎ സ്ഥാപിച്ചത്. എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംവരണാവകാശം മനഃപൂർവം തട്ടിയെടുക്കാനാണോ അത് പ്രവർത്തനരഹിതമായി നിലനിർത്തിയത്?
എൻടിഎ പരീക്ഷകളിൽ കൃത്രിമം കാണിക്കാനും പേപ്പറുകൾ ചോർത്താനും ബിജെപി ഉപയോഗിച്ചു, എൻആർഎ ഒരു പരീക്ഷയും ഇതുവരെ നടത്തിയിട്ടില്ല. വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുമെന്ന് ബിജെപി-ആർഎസ്എസ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇത് യുവാക്കളുടെ ഭാവി അവസാനിപ്പിക്കും. എൻആർഎ വിഷയം ഞങ്ങൾ നേരത്തെയും ഉന്നയിച്ചിരുന്നു, എന്നാൽ മോദി സർക്കാർ മൗനം പാലിക്കുകയാണ്,"ഖാർഗെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്നത് വ്യാജവാർത്തയാണെന്ന് മോദി പറഞ്ഞത്. ആർബിഐ റിപ്പോർട്ട് ഉദ്ധരിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ എട്ട് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഇത് നിശബ്ദമാക്കിയെന്നും മോദി പറഞ്ഞു. വികസനവും തൊഴിലവസരങ്ങളും രാജ്യത്ത് ആവശ്യമാണെന്നും, കേന്ദ്ര സർക്കാർ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രധാമന്ത്രി അവകാശപ്പെട്ടു.
അതേസമയം, സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (CMIE) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം , 2024 ജൂണിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായിരുന്നു. 2024 മെയ് മാസത്തിലെ ഏഴ് ശതമാനത്തിൽ നിന്നും തൊഴിലില്ലായ്മ രണ്ട് ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്കിൽ പറയുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയുടെ നേർചിത്രമായി വെറും 10 ഒഴിവുകളുള്ള കമ്പനിയിലേക്ക് 1800 ആളുകളെത്തിയ വീഡിയോ ഉൾപ്പെടെ സാമൂഹമാധ്യമങ്ങളിൽ വൈറലാകവെയാണ് മോദിയുടെ പ്രസ്താവന.