NEWSROOM

ഹരിയാന തെരഞ്ഞെടുപ്പ് ഫലം: "ഭഗവദ്ഗീതയുടെ ഭൂമിയിൽ സത്യം ജയിച്ചു, ഇത് ജനാധിപത്യത്തിൻ്റെ വിജയം"; നരേന്ദ്ര മോദി

പ്രസംഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിയത്

Author : ന്യൂസ് ഡെസ്ക്



ഹരിയാനയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവദ് ഗീതയുടെ ഭൂമിയിൽ സത്യം ജയിച്ചെന്നായിരുന്നു മോദിയുടെ പ്രസ്താവന. ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ മോദി, ഹാട്രിക് വിജയത്തിനായി പരിശ്രമിച്ച പ്രവർത്തകരെയും അനുമോദിച്ചു. പ്രസംഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിയത്.

ഭരണമാറ്റമെന്ന ചരിത്രം മാറ്റിയെഴുതുന്ന വിധിയായിരുന്നു ഇന്ന് ഹരിയാനയിലേത്. ഇതാദ്യമായാണ് ഒരു സർക്കാരിന് മൂന്നാമതും വിജയിക്കാൻ കഴിയുന്നത്.  ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും വിജയമാണിത്. എല്ലാ ജാതി വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്ത് പാർട്ടിക്ക് വിജയം നൽകിയെന്നും മോദി പറഞ്ഞു.


കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് മോദി നടത്തിയത്. കോൺഗ്രസ് ഹരിയാനയിൽ ദളിതരെ അപമാനിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. ജാതി വിഷം പരത്തുന്ന കോൺഗ്രസിന് ഒരിടത്തും രണ്ടാമൂഴം ഉണ്ടായിട്ടില്ല. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം ഇന്ത്യയെ അധിക്ഷേപിച്ചവർക്കുള്ള മറുപടിയാണ് ഹരിയാന തെരഞ്ഞെടുപ്പെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന.

ഭരണവിരുദ്ധ വികാരവും കർഷക സമരങ്ങളും അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം പ്രതികൂല സാഹചര്യം തീർത്തിട്ടും മികച്ച വിജയമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാൻ കഴിഞ്ഞത്. എക്സിറ്റ് പോൾ ഫലങ്ങളും പ്രവചനങ്ങളും തിരുത്തിക്കൊണ്ട് സംസ്ഥാനത്തെ 90 സീറ്റുകളിൽ 48ലും വിജയിച്ച് ഹാട്രിക് വിജയം നേടിയിരിക്കുകയാണ് ബിജെപി.



SCROLL FOR NEXT