നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും 
NEWSROOM

മോദി-പുടിന്‍ കൂടിക്കാഴ്ച: ആദ്യം റഷ്യന്‍ സംഭാവനകള്‍ക്ക് നന്ദി; പിന്നാലെ യുക്രെയ്‌നിലെ കുട്ടികള്‍ക്ക് അനുശോചനം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളൊഡിമര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമായി ചൊവ്വാഴ്ച ഉഭയകക്ഷി ചര്‍ച്ച നടക്കും. നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണിത്. 2022ലെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോദി,  പുടിന്‍റെ ഔദ്യോഗിക വസതിയില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയില്‍ യുക്രെയ്നുമായി റഷ്യ നടത്തുന്ന യുദ്ധത്തെ പറ്റി പരാമര്‍ശം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും, സാധാരണ ഇന്ത്യക്കാര്‍ ദുരിതമനുഭവിക്കാതിരിക്കാന്‍ റഷ്യ നല്‍കുന്ന സംഭാവനകളും എടുത്തു പറഞ്ഞ ശേഷമാണ്, നരേന്ദ്ര മോദി അധിനിവേശ വിഷയത്തിലേക്ക് കടന്നത്.

"നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടാല്‍, നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍ മരിച്ചാല്‍, അത് തീവ്രമായ ഹൃദയ വേദനയുണ്ടാക്കും", മോദി റഷ്യന്‍ പ്രസിഡന്‍റിനോട് പറഞ്ഞു. യുക്രെയ്‌നിലെ കീവിലുള്ള കുട്ടികളുടെ ആശുപത്രിക്ക് നേരെയുള്ള റഷ്യന്‍ ആക്രമണത്തിന് പിറ്റേന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. റഷ്യയുടെ മാരകമായ മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ 37 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 കുട്ടികള്‍ ഉള്‍പ്പെടെ 170 പേര്‍ക്കാണ് പരുക്കേറ്റത്.

ശനിയാഴ്ച ഇരു നേതാക്കളും യുക്രെയ്‌നെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നാണ് വിവരങ്ങള്‍. തെക്കൻ രാജ്യങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള പ്രതീക്ഷകൾ പുടിന് മുന്നില്‍ അവതരിപ്പിച്ചുവെന്ന് മോദി പറഞ്ഞു. യുദ്ധഭൂമിയില്‍ ഒരു പരിഹാരവും സാധ്യമല്ലെന്ന് മോദി പുടിനോട് ആവർത്തിച്ചു പറഞ്ഞുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളൊഡിമര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു. "വലിയ നിരാശ, സമാധാന ശ്രമങ്ങള്‍ക്കേറ്റ വലിയ പ്രഹരം," എന്നാണ് സെലന്‍സ്‌കി എക്സില്‍ ഇതേപറ്റി കുറിച്ചത്.



SCROLL FOR NEXT