ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ ഫണ്ടിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന കേസിൽ മുൻ പ്രസിഡൻ്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ നായകനുമായ മുഹമ്മദ് അസ്ഹറുദീനെ ചോദ്യം ചെയ്യാനായി നോട്ടീസയച്ച് ഇ.ഡി സംഘം. ഇതാദ്യമായാണ് കോൺഗ്രസ് നേതാവായ അസ്ഹറുദീനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അസ്ഹറുദ്ദീൻ ഹാജരായിരുന്നില്ല. ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡീസൽ ജനറേറ്ററുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിക്കുന്നതിനായി 20 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം നിലവില്‍ ഈ അഴിമതിക്കേസ് തെലങ്കാനയിലെ ഉപ്പൽ പൊലീസ് അന്വേഷിച്ച് വരികയാണ്. 20 കോടി രൂപയുടെ ഫണ്ട് ക്രിമിനല്‍ ദുരുപയോഗം ചെയ്തതായി തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ അറസ്റ്റ് ഒഴിവാക്കാന്‍ അസ്ഹറുദീന്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2019ല്‍ അസ്ഹറുദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി നിയമിച്ചത്. എന്നാല്‍ 2023ല്‍ അദ്ദേഹത്തിന്റെ കാലാവധി അവാസനിച്ചു. ജസ്റ്റിസ് (റിട്ട) എല്‍. നാഗേശ്വര റാവുവാണ് പിന്നീട് പ്രസിഡന്റാകുന്നത്.