മോദിക്കെതിരെ വീണ്ടും പരോക്ഷ വിമർശനങ്ങളുയർത്തി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ദൈവമാണെന്ന് സ്വയം പ്രഖ്യാപിക്കാൻ ആർക്കും അവകാശമില്ലെന്നായിരുന്നു ഭഗവതിൻ്റെ പ്രസ്താവന. ജനങ്ങൾക്ക് ഒരാളെ ദൈവമായി നോക്കിക്കാണാൻ അവകാശമുണ്ടെങ്കിലും ഇത്തരം വാഴ്‌ത്തലുകളിൽ ആരും മതിമറക്കരുതെന്ന് മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ശങ്കർ ദിനകർ കെയ്‌നിൻ്റെ ശതാബ്ദി വർഷികാഘോഷത്തോടനുബന്ധിച്ച് പൂനെയിലെ ജെജുരിയിൽ നടന്ന പരിപാടിയിലായിരുന്നു നോതാവിൻ്റെ പ്രസ്താവന. രണ്ടാം തവണയാണ് മോദിക്കെതിരെ മോഹൻ ഭഗവത് പരോക്ഷ വിമർശനം നടത്തുന്നത്.
"നിങ്ങൾക്ക് ഉയർച്ച ഉണ്ടാവണമെങ്കിൽ അതിനായി പരിശ്രമിക്കണം, നാം നമ്മളെ തന്നെ ദൈവമായി കണക്കാക്കാൻ പാടില്ല, അങ്ങനെ ജനങ്ങൾക്ക് തോന്നുന്ന സാഹചര്യം വന്നാൽ അവർ വിളിച്ചോളും. ചെയ്യുന്ന ജോലിയിൽ ദൈവീകതയുണ്ടോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവർ നിങ്ങളെ ദൈവത്തിൻ്റെ പ്രതീകമായി കാണുന്നുണ്ടാകാം. പക്ഷേ ഇത്തരം വാഴ്ത്തലുകളിൽ മതിമറക്കരുത്", മോഹൻ ഭഗവത് ഓർമ്മിപ്പിച്ചു.
മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ മോദിയുടെ പരാമർശങ്ങളാണ് ഭഗവത് പ്രതിപാദിച്ചത്. “എൻ്റെ അമ്മ ജീവിച്ചിരിക്കുമ്പോൾ, ഞാൻ ജനിച്ചത് ജൈവീകമായിട്ടാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അവർ മരിച്ചതിന് ശേഷമുള്ള എല്ലാ അനുഭവങ്ങളും പ്രതിഫലിപ്പിക്കുമ്പോൾ, ദൈവം എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി. ഈ ഊർജ്ജം ജൈവ ശരീരത്തിൽ നിന്ന് വരില്ല, മറിച്ച് ദൈവം എനിക്ക് നൽകിയതാണ്. ദൈവത്തിൻ്റെ കാര്യങ്ങൾ ചെയ്യാനുള്ള ഒരു ഉപകരണമാണ് ഞാൻ," മോദി പറഞ്ഞു. തിരക്കേറിയ ഷെഡ്യൂളിനടയിലും മോദി തളരുന്നില്ലല്ലോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള തൻ്റെ ആദ്യ പൊതുപ്രസ്താവനയിലും മോഹൻ ഭഗവത് മോദിയെ വിമർശിച്ചിരുന്നു. ഒരു യഥാർത്ഥ ജനസേവകന് അഹങ്കാരമില്ലെന്നും, അവർ മറ്റുള്ളവരെ വേദനിപ്പിക്കാതെയാണ് പ്രവർത്തിക്കുകയെന്നും ഭഗവത് പറഞ്ഞിരുന്നു.