NEWSROOM

ഉമാ തോമസിനെ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മോഹൻലാൽ; കൂടെ ആൻ്റണി പെരുമ്പാവൂരും

ആശുപത്രിയിൽ ലഭിച്ച മികച്ച ചികിത്സയെ കുറിച്ചും, കണ്ണിന് പ്ലാസ്റ്റിക് സർജറി ചെയ്തതിനെ കുറിച്ചുമെല്ലാം ഉമ തോമസ് മോഹൻലാലിനോടും ആൻ്റണി പെരുമ്പാവൂരിനോടും പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ് മോഹൻലാൽ. ഉമ തോമസ് എംഎൽഎയുടെ വീട്ടിലെത്തിയ മോഹൻലാലിനോടൊപ്പം നിർമാതാവ് ആൻ്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

ആശുപത്രിയിൽ ലഭിച്ച മികച്ച ചികിത്സയെ കുറിച്ചും, കണ്ണിന് പ്ലാസ്റ്റിക് സർജറി ചെയ്തതിനെ കുറിച്ചുമെല്ലാം ഉമ തോമസ് മോഹൻലാലിനോടും ആൻ്റണി പെരുമ്പാവൂരിനോടും പറഞ്ഞു. ദൈവാദീനം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചതെന്ന് ഉമ തോമസ് ഇരുവരോടും കുശലത്തിനിടെ പറഞ്ഞു. കേരളം ഒന്നടങ്കം എംഎൽഎയ്ക്ക് വേണ്ട പ്രാർഥിച്ചുവെന്ന് ഇരുവരും എംഎൽഎയോട് പറഞ്ഞു. ഷൂട്ടിങ്ങ് നടക്കുന്നത് ഉമ തോമസിൻ്റെ വീടിന് അടുത്ത് തന്നെയാണെന്നും മോഹൻലാൽ അറിയിച്ചു.

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് എറണാകുളം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് ഉമ തോമസ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗനാദം മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.

SCROLL FOR NEXT