തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ചിത്രം മെയ് റിലീസായി തിയേറ്ററിലെത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
'എന്റെ അടുത്ത ചിത്രവും ഒരു പുതിയ സംവിധായകനായാണ്. തുടരും. അവര്‍ അത് മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദൃശ്യം പോലൊരു സിനിമയാണ് തുടരും. 8 വര്‍ഷമാണ് തുടരുമിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ എടുത്തത്. തിരക്കഥയില്‍ എന്തോ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് അത് ശരിയാക്കി. മെയില്‍ ചിത്രം തിയേറ്ററിലെത്തും', മോഹന്‍ലാല്‍ പറഞ്ഞു.
ശോഭനയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. 'വളരെ മികച്ച അനുഭവമായിരുന്നു. ഞങ്ങള്‍ 50ലധികം ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കുറച്ച് കാലം അവര്‍ നൃത്തത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഞങ്ങള്‍ ശോഭനയെ വിളിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തോടെയാണ് വന്നത്. അവര്‍ ആ പഴയ ശോഭന തന്നെയാണ്. ഒന്നും മാറിയിട്ടില്ല', എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.