NEWSROOM

ചൂരൽമല ദുരന്തം: ഒന്നേകാൽ ലക്ഷം രൂപയുടെ സഹായമൊരുക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവന നൽകി

Author : ന്യൂസ് ഡെസ്ക്

വയനാട് ജില്ലയിൽ മഴക്കെടുതികൾ മൂലം ദുരിതംഅനുഭവിക്കുന്നവർക്ക് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവന നൽകി. കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രനാണ് സംഭാവന കൈമാറിയത്. പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങളും എത്തിച്ചു നൽകിയിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിൻ്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജൻ വെളിമുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് സംഭാവന നൽകിയത്. 

ഇതിനോടകം നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നടന്‍ ജോജു ജോര്‍ജ് സംഭാവന നല്‍കി.  വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ബാധിച്ച ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവാസിപ്പിക്കാനുള്ള യജ്ഞത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഇതിനോടകം പങ്കാളികളായി കഴിഞ്ഞു.


നടനും ടെറിടോറിയല്‍ ആര്‍മി ലഫ്.കേണലുമായ മോഹന്‍ലാല്‍ ഇന്ന് ചൂരല്‍മലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തതിന് പുറമെ വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും ആദ്യ ഘട്ടമായി പ്രഖ്യാപിച്ചു. തകര്‍ന്ന മുണ്ടക്കൈ സ്കൂളിന്‍റെ പുനരുദ്ധാരണവും മോഹന്‍ലാല്‍ ഏറ്റെടുത്തു.

SCROLL FOR NEXT