മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ- പൃഥിരാജ് ചിത്രം എമ്പുരാൻ്റെ ടീസറെത്തി. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കിയത്. ആക്ഷനും മാസിനും കുറവില്ലാതെയാണ് ചിത്രം എത്തുക എന്ന് തെളിയിക്കുന്ന ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. . ആദ്യ ഭാഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള ആവിഷ്കാരമാണ് എമ്പുരാനിൽ കാണാൻ കഴിയുക.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നാണ് റിപ്പോർട്ടുകൾ. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നും വാർത്തകളുണ്ട്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.
സംവിധായകനായ പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിംഗ് കൂടി എമ്പുരാനിൽ കാണാനാകും എന്ന സൂചനയാണ് ടീസർ തരുന്നത്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അഖിലേഷ് മോഹൻ ആണ്.
അദ്യ ഭാഗമായ ലൂസിഫറിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.