NEWSROOM

ലൂസിഫറില്‍ മോഹന്‍ലാലിന്റെ മാസ് എന്‍ട്രിക്ക് പ്രചോദനമായത് രജനികാന്ത് : പൃഥ്വിരാജ്

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററിലെത്തുന്നത് മാര്‍ച്ച് 27നാണ്

Author : ന്യൂസ് ഡെസ്ക്



പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ പ്രമോഷന്‍ പരിപാടികളിലാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററിലെത്തുന്നത് മാര്‍ച്ച് 27നാണ്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ സീക്വല്‍ ആണ് എമ്പുരാന്‍. സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് ലൂസിഫറില്‍ മോഹന്‍ലാലിന്റെ എന്‍ട്രി സീനിന് പ്രചോദനമായത് രജനികാന്താണെന്ന് വെളിപ്പെടുത്തി.

ലൂസിഫറിലെ മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. 'നിങ്ങള്‍ പറയുന്നത് മോഹന്‍ലാല്‍ ആരാണെന്ന് പറയാന്‍ ആ ഒരൊറ്റ സീന്‍ മതിയെന്നാണല്ലോ. പക്ഷെ ആ മൊത്തം സീന്‍ ഉണ്ടാകാന്‍ കാരണം ഞാന്‍ രജനി സാറിനെ കുറിച്ച് കേട്ട ഒരു കഥയാണ്. പോയ്സ് ഗാര്‍ഡന്റെ അടുത്തുള്ള റോഡില്‍ നടന്ന ഒരു കാര്യത്തെ കുറിച്ച് പണ്ട് ഞാന്‍ വായിച്ചിരുന്നു', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.




'അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ പത്രത്തിലെ ഒരു വാര്‍ത്തയില്‍ വായിച്ചതാണ്. അത് വായിച്ച ശേഷം ആ സീന്‍ ഇങ്ങനെ ചെയ്യാമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു', എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എമ്പുരാന്റെ ട്രെയ്‌ലര്‍ ആദ്യമായി കണ്ടത് രജനികാന്താണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെയ്‌ലര്‍ കണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ ആനന്ദിപ്പിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മാര്‍ച്ച് 20 അര്‍ദ്ധരാത്രിയാണ് എമ്പുരാന്റെ ട്രെയ്‌ലര്‍ സര്‍പ്രൈസായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്‌ലര്‍ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

SCROLL FOR NEXT