മലയാള സിനിമാ ആസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എംപുരാന്റെ റിലീസിന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യും. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമായാണ് എംപുരാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അബ്റാം ഖുറേഷിയായി അവതരിപ്പിക്കുന്ന ഇടത്താണ് ഒന്നാം ഭാഗമായ ലൂസിഫർ അവസാനിക്കുന്നത്. ഇവിടെ നിന്നാകും എംപുരാന്റെ ആരംഭം. മാർച്ച് 27നാണ് എംപുരാൻ റിലീസ്. മാർച്ച് 20നാണ് ലൂസിഫറിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാം ഭാഗം എത്തുന്നതിനു മുൻപ് സ്റ്റീഫനെ വീണ്ടും ആളുകളിലേക്ക് എത്തിക്കാനാണ് ലൂസിഫറിന്റെ റീ റിലീസിലൂടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിത്രം റീ റിലീസ് ചെയ്യണമെന്ന ആഗ്രഹം നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു. ലൂസിഫറിന്റെ വിവിധ ഭാഷകളിലുള്ള പതിപ്പ് ആമസോൺ പ്രൈമിൽ ലഭ്യമാണെങ്കിലും ആരാധകരിൽ പലരും ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. മലയാള സിനിമയിൽ ആദ്യമായാണ് രണ്ടാം ഭാഗത്തിന്റെ റിലീസിന് മുൻപ് ഒരു ചിത്രത്തിന്റെ ഒന്നാം ഭാഗം റീ റിലീസ് ചെയ്യുന്നത്.
Also Read: മലൈകോട്ട വാലിബന് സാമ്പത്തികമായി നഷ്ടമായിരുന്നില്ല, പക്ഷെ രണ്ടാം ഭാഗം ആലോചനയിലില്ല: ഷിബു ബേബി ജോണ്‍
ബിഗ് ബജറ്റ് ചിത്രമായ എംപുരാന്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പൃഥ്വിരാജും സംഘവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. പുറത്ത് വന്ന കഥാപാത്രങ്ങളെ പരിചയപ്പെടുന്ന വീഡിയോകള്‍ ചിത്രത്തിന്റെ വെലുപ്പത്തെ പറ്റി വലിയ പ്രതീക്ഷകളാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. മലയാളം, ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാലിനൊപ്പം ലൂസിഫറിലുണ്ടായിരുന്ന മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ്,എറിക് എബൗണി, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം. ദീപക് ദേവ് ആണ് എംപുരാനും സംഗീതമൊരുക്കുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവ്. അഖിലേഷ് മോഹൻ ആണ് എഡിറ്റിങ്.