NEWSROOM

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് ശ്രമം: ഒരാൾ കൂടി അറസ്റ്റിൽ; പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരെന്ന് വിലയിരുത്തൽ

തട്ടിപ്പിന് പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷണം തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ഇഡി ഉദ്യോഗസ്ഥരുടെ പേരിൽ രണ്ട് കോടി തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്താണ് കേസിൽ പിടിയിലായത്. ഇയാളിൽ നിന്നാണ് ഇഡി കേസിന്റെ വിവരങ്ങൾ പിടിയിലായ പ്രതികൾക്ക് ലഭിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. തട്ടിപ്പിന് പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷണം തുടരുകയാണ്.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരാതി ഒതുക്കി തീ‍ർക്കാൻ കശുവണ്ടി വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട രണ്ട് പേരാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് വിജിലൻസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വിജിലൻസിൻ്റെ പിടിയിലായ തമ്മനം സ്വദേശി വിൽസണും, രാജസ്ഥാൻ സ്വദേശി മുരളിയും ഇടനിലക്കാർ മാത്രമാണ് എന്നാണ് കണ്ടെത്തൽ. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇരുവരെയും പിടികൂടിയത്.

ഇവരെ നിയന്ത്രിക്കുന്ന ഗൂഢസംഘം പ്രവർത്തിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥ‍ർ അടങ്ങുന്നതാണ് ഈ സംഘമെന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT