മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ പരിശോധനകളുമായി ഇ ഡി. സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള യൂസ്ഡ് കാർ ഷോറൂമിൽ ഇഡി പരിശോധന നടത്തി. കൊച്ചി മരടിലുള്ള റോയൽ ഡ്രൈവ് പ്രീമിയം ലക്ഷ്വറി യൂസ്ഡ് കാർ ഹെഡ് ഓഫീസിലായിരുന്നു പരിശോധന.
രാവിലെ 11 മണിക്ക് ഷോറൂമിൽ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. റോയൽ ഡ്രൈവ് ഉടമ മുജീബ് റഹ്മാനെ ഇഡി ചോദ്യം ചെയ്തു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിൽ പരിശോധന നടന്നു. ഇന്നും പരിശോധന നടക്കും. മുജീബ് റഹ്മാനുമായി ബിസിനസ് പങ്കാളിത്തമുള്ള സൗബിൻ ഷാഹിർ, ഈ സ്ഥാപനത്തിലൂടെ ഏതെങ്കിലും തരത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ജിഎസ്ടി വിഭാഗവും വരും ദിവസങ്ങളിൽ യൂസ്ഡ് കാർ ഷോറൂമുകളിലും സൗബിൻ ഷാഹിറുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തും.