NEWSROOM

ആറ് വയസ്സുകാരിക്ക് നേരെ പീഡനശ്രമം; രക്ഷകരായി എത്തി വാനരസംഘം

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കുരങ്ങുകൾ കൂട്ടമായെത്തി ആക്രമിച്ചെന്നാണ് കുട്ടിയുടെ മൊഴി

Author : ന്യൂസ് ഡെസ്ക്



ഉത്തർപ്രദേശിലെ ബാഗ്‌പത്തിൽ ആറ് വയസുകാരിയെ ബലാത്സംഗ ശ്രമത്തിൽ നിന്നും കുരങ്ങുകൾ രക്ഷിച്ചതായി റിപ്പോർട്ട്. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കുരങ്ങുകൾ കൂട്ടമായെത്തി ആക്രമിച്ചെന്നാണ് കുട്ടിയുടെ മൊഴി. ഇതോടെ ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ബാഗ്‌പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയെ അടുത്ത ഗ്രാമത്തിൽ നിന്നെത്തിയ യുവാവ് ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ പെട്ടെന്ന് കുരങ്ങുകളുടെ സംഘം കൂട്ടമായെത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതോടെ യുവാവ് കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. അവർ ഉടനെ പൊലീസിൽ പരാതിപ്പെട്ടു. പ്രതിയ്‌ക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

SCROLL FOR NEXT