NEWSROOM

രണ്ടാമത്തെ പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടു

വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോന്‍സന്റെ മാനേജര്‍ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്

Author : ന്യൂസ് ഡെസ്ക്


പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെവിട്ടു. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടെ വിധി. മാവുങ്കലിന്റെ മാനേജര്‍ ജോഷിയാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.

പ്രേരണാ കുറ്റമാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ ചുമത്തിയിരുന്നത്. മോണ്‍സന്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മോന്‍സന്റെ മാനേജര്‍ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്.


2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ജോഷിക്കെതിരെ ചുമത്തിയത്. കുറ്റകൃത്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് മോന്‍സനെതിരായുണ്ടായിരുന്നത്.

മറ്റൊരു പോക്‌സോ കേസില്‍ മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. 2019-ല്‍ ഇതേ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതല്‍ 2021 സെപ്റ്റംബര്‍ 24 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ കേസില്‍ ജീവിതാവസാനം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായതിനു ശേഷമാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡന കേസുകള്‍ പുറത്തുവന്നത്.

SCROLL FOR NEXT