NEWSROOM

യാക്കോബായ സഭയ്ക്ക് പുതിയ നാഥൻ; ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ സെന്റ് മേരീസ് സിറിയൻ കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ട് മുപ്പതിനാണ് വാഴിക്കൽ ചടങ്ങ് നടക്കുക

Author : ന്യൂസ് ഡെസ്ക്


യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കയായി മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇന്ന് വാഴിക്കും. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ സെന്റ് മേരീസ് സിറിയൻ കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ട് മുപ്പതിനാണ് വാഴിക്കൽ ചടങ്ങ് നടക്കുക. ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.


പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിക്കപ്പെടുമ്പോൾ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭ വിശ്വാസികൾക്കിത് അഭിമാന മുഹൂർത്തമാണ്. പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് മാർ ഗ്രിഗോറിയോസ്. ആഗോള സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങുകൾക്ക് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും.

ലബനന്‍ പ്രസിഡന്റ് ജോസഫ് ഖലീല്‍ ഔണ്‍ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും മറ്റ് സഭാ പ്രതിനിധികളും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും ചടങ്ങിൽ സംബന്ധിക്കും.

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ ഇടവകയില്‍ പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബര്‍ 10 നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ ജനനം. പെരുമ്പള്ളി പ്രൈമറി സ്‌കൂള്‍, മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പിള്ളി മോര്‍ യൂലിയോസ് സെമിനാരിലാണ് വൈദിക പഠനം നടത്തിയത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. അയര്‍ലന്റിലെ ഡബ്ലിന്‍ സെന്റ് പാട്രിക് കോളജില്‍ നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും നേടി. ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും അമേരിക്കയില്‍ നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സിലിങില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

1984 മാര്‍ച്ച് 25 ന് വൈദികനായ ജോസഫ് മോർ ഗ്രീഗോറിയോസ് 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. 23-ാം വയസില്‍ ബസേലിയസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാശ്മീശ പദവിയിലേക്ക് ഉയര്‍ത്തി. 1993 ഡിസംബര്‍ 22 ന് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി. 1994 ൽ 33-ാം വയസില്‍ ദമാസ്‌കസില്‍ വച്ച് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് നിയമിച്ചു. 27 വര്‍ഷമായി അതേപദവിയില്‍ അജപാലന ശുശ്രൂഷ ചെയ്ത് വരികയായിരുന്നു. സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി 2019 ൽ തെരഞ്ഞെടുത്തു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT