NEWSROOM

വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും

ചെറുകിട സംരംഭങ്ങളെ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകുമെന്നും കെ.എസ് പ്രദീപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായി ബാങ്കേഴ്‌സ് സമിതി. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ സമിതി യോഗത്തിലാണ് തീരുമാനം. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നിര്‍ദേശം നല്‍കും. തിരിച്ചടവിന് അഞ്ച് വര്‍ഷം സാവകാശം അനുവദിച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ കെ.എസ് പ്രദീപ് പറഞ്ഞു.

കുടുംബനാഥന്‍ നഷ്ടമായ കുടുംബങ്ങളുടെ കടം എഴുതി തള്ളാന്‍ നിര്‍ദേശം നല്‍കും. മരിച്ച കുടുംബങ്ങളുടെ കണക്കെടുക്കും, അവരുടെ മുഴുവന്‍ കടവും എഴുതി തള്ളാനും നിര്‍ദേശം നല്‍കും. അതാത് ബാങ്കുകളാണ് വായ്പ എഴുതി തള്ളുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അധികാരം അതത് ബോര്‍ഡുകള്‍ക്കാണ്. എങ്കിലും ശക്തമായി നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചതായും ബാങ്കേഴ്‌സ് സമിതി അറിയിച്ചു. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.


ദുരന്ത ബാധിതര്‍ക്ക് നല്‍കിയ സഹായധനത്തില്‍ നിന്ന് ഗ്രാമീണ ബാങ്ക് വായ്പ തുക പിടിച്ചെടുത്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

ആകെ പന്ത്രണ്ടു ബാങ്കുകളിലായാണ് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകളുള്ളത്. ഏറ്റവും അധികം വായ്പ നല്‍കിയത് ഗ്രാമീണ ബാങ്കാണ്. വിവിധ ബാങ്കുകളില്‍ നിന്നായി 3220 പേര്‍ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. ഇതില്‍ 2460 പേരുടെ 19.81 കോടി കാര്‍ഷിക വായ്പയാണ്. 3.4 കോടി രൂപയുടെ വായ്പ ചെറുകിട സംരംഭകരായ 245 പേരുടേതാണ്.


SCROLL FOR NEXT