അറബിക്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 ലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞു. തിരുവനന്തപുരത്ത് വര്‍ക്കല, അഞ്ചുതെങ്ങ്, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്.
കണ്ടെയ്‌നറിനൊപ്പം നിരവധി ചാക്കുകെട്ടുകളും തീരത്ത് അടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് 34 എണ്ണവും ആലപ്പുഴയില്‍ 2 എണ്ണവുമാണ് തീരത്തടിഞ്ഞത്. ഇതില്‍ ഭൂരിഭാഗവും കാലിയാണ്. കൊല്ലത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കെട്ടിവലിച്ച് പോര്‍ട്ടിലെ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെ വീണ്ടും കണ്ടെയ്‌നറുകള്‍ തീരത്തെത്തി.
യാഡില്‍ എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കണ്ടെയ്‌നറുകളുടെ ഉടമസ്ഥര്‍ ക്ലെയിം ഉന്നയിക്കുന്നതിനനുസരിച്ച് വിട്ടുനല്‍കും. തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാന്‍ കപ്പല്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എംഎസ്സി ഷിപ്പിങ്് കമ്പനിയുടെ 7 സംഘങ്ങള്‍ ഇന്ന് എത്തും.
ഇതിനിടെ കപ്പല്‍ കമ്പനിക്ക് മലിനീകരണ ബാധ്യത മുന്നറിയിപ്പുമായി കൊച്ചി MMD യുടെ നോട്ടീസ് എത്തി. കപ്പല്‍ വീണ്ടെടുക്കാന്‍ MSC കമ്പനി T&T സല്‍വേജിന് ചുമതല നല്‍കി. എന്നാല്‍ കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലാവസ്ഥ വലിയ തിരിച്ചടിയായിരിക്കുകയാണ്. എണ്ണപ്പാട പലതായി പിളര്‍ന്ന് ആറ് കിലോമീറ്ററോളം വ്യാപിച്ചിട്ടുണ്ട്.
ഇത് കേരളാ തീരത്ത് അടുത്തിട്ടില്ല എന്നാണ് നാവികസേന പറയുന്നത്. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 12 എണ്ണം അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് ആണ്. ഇവയില്‍ നിന്ന് ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ലെങ്കിലും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത തുടരാനാണ് നിര്‍ദേശം. കോസ്റ്റഗാര്‍ഡിന്റെ വിക്രം, സമര്‍ത്ത് സക്ഷം, കപ്പലുകള്‍ മേഖലയില്‍ ഇപ്പോയും തുടരുന്നുണ്ട്.