NEWSROOM

കശ്മീർ സന്ദർശന ദൃശ്യങ്ങളടക്കം പാക് ചാരന് കൈമാറിയെന്ന് വിവരം; അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ

പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് കശ്മീർ സന്ദർശന ദൃശ്യങ്ങളടക്കം ജ്യോതി പാക് ചാരന് കൈമാറിയെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയാണ് ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന ജ്യോതി പല വിവരങ്ങളും പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് കൈമാറിയെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമാണ് കണ്ടെത്തൽ. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിൽ പങ്കെടുത്ത യുവതി നിരവധി തവണ പാകിസ്ഥാനിൽ സന്ദ‍‍‍‍ർശനം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 

യൂട്യൂബില്‍ 3.70 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്സുമുള്ള ട്രാവല്‍ വ്ളോഗറാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര. ഇതിനോടകം പാകിസ്ഥാനും ചൈനയും അടക്കം 8 രാജ്യങ്ങളാണ് ജ്യോതി യാത്ര ചെയ്തത്. കേരളം അടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുള്ള ജ്യോതി ഈ ദൃശ്യങ്ങൾ എല്ലാം തൻ്റെ ചാനലിലൂടെ പങ്ക് വെച്ചിട്ടുമുണ്ട്.

പാകിസ്ഥാനിൽ നിരവധി തവണ യാത്ര ചെയ്ത യുവതി നേരത്തെ മുതൽ സു‌രക്ഷാ വിഭാ​ഗത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് കശ്മീർ സന്ദർശന ദൃശ്യങ്ങളടക്കം ജ്യോതി പാക് ചാരന് കൈമാറിയെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്.

മൂന്ന് വട്ടം പാകിസ്ഥാന്‍ സന്ദര്‍ശിച്ച ജ്യോതി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ടെലിഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പാക് ചാരസംഘടനയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നത്. പാകിസ്ഥാന്‍ യാത്രയ്ക്കും താമസത്തിനും സൗകര്യം ചെയ്തു നല്‍കിയത് ഡാനിഷും സുഹൃത്തുക്കളുമാണ്. ഇവര്‍ വഴി ജ്യോതി പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പരിചയപ്പെട്ടു. ഇന്ത്യന്‍ പൊലീസിനോ സൈന്യത്തിനോ സംശയം തോന്നാതിരിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ മറ്റ് പേരുകളിലായിരുന്നു സേവ് ചെയ്തിരുന്നത്. പാക് ചാരനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

പാകിസ്ഥാൻ സന്ദർശിച്ച ശേഷം ജ്യോതി ചൈനയിൽ അടക്കം ആഡംബര യാത്രകൾ നടത്തിയിരന്നതായും കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഡല്‍ഹിയില്‍ വച്ചാണ് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ഡാനിഷുമായി സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിൻ്റെയും വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജ്യോതിയുടെ പിതാവ് ഹരീഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമായ എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് മകള്‍ പാകിസ്ഥാനിലേക്ക് പോയതെന്നും, തന്നെ തെറ്റായി കേസില്‍പ്പെടുത്തിയതാണെന്ന് മകള്‍ പറഞ്ഞതായും ഹരീഷ് പറഞ്ഞു.

SCROLL FOR NEXT